ഗുവാഹട്ടി: അസമിൽ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ക്വാഡ്രൻ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് പൂർവേഷ് ദുരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പരിശീലന പറക്കലിനായി അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മരണവിവരം സ്ഥിരീകരിച്ചുകൊണ്ട് വ്യോമസേന വാർത്താക്കുറിപ്പ് ഇറക്കിയത്.
അപകടം നടന്ന പ്രദേശത്തെ ദുഷ്കരമായ സാഹചര്യങ്ങൾ കാരണം വിമാനത്തിന്റെ അവശിഷ്‌ടങ്ങളും പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങളും കണ്ടെത്തുന്നതിന് ഏറെ താമസം നേരിട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
