തൃശൂര്‍ > ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ചനിലയിലും പിതാവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ മക്കളായ ദേവനന്ദന(9), ശിവനന്ദന (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷം മുമ്പ് വയനാട്ടില്‍ നിന്നും പോയ ആളാണ് ചന്ദ്രശേഖരന്. ഇയാളുടെ രണ്ടാം ഭാര്യയിലെ കുട്ടികളാണ് ദേവനന്ദനയും ശിവനന്ദനയും. ബാത്ത്റൂമില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രശേഖരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇന്നലെയാണ് പിതാവും രണ്ടു മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ചയ്ക്ക് 2.30 ന് റൂം വെക്കേറ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇന്ന് രാവിലെ 7 ന് ലോഡ്ജിന് പുറത്തുപോയ പിതാവ്, അല്‍പ്പസമയത്തിനുള്ളില്‍ തിരികെയെത്തി. വെക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാതായതിനെത്തുടര്‍ന്നാണ് ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്. പൂട്ടുപൊളിച്ച് അകത്ത് കടന്നപ്പോള്‍, കുട്ടികളില്‍ ഒരാള്‍ കിടക്കയില്‍ മരിച്ച നിലയിലും രണ്ടാമത്തെയാള്‍ തൂങ്ങിയ നിലയിലുമായിരുന്നു. ആത്മഹത്യാക്കുറിപ്പും ഇവരുടെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
Tags:
KERALA വേർപാട് NEWS
