Trending

കനത്ത മഴയ്ക്കിടെ കാസർകോട്ടെ ദാരുണ ദുരന്തം; സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു, ഒരു കുട്ടിക്ക് പരിക്കേറ്റു; ഇന്ന് രാവിലെ 5:30ന് ഖബറടക്കി



കാസർകോട്: കാസർകോട് ആദൂർ സഞ്ചക്കടവിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരണപ്പെട്ടു. അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരണപ്പെട്ടത്. കുട്ടികളുടെ സുഹൃത്തായ വിശേഷ് എന്ന കുട്ടിക്ക് പരിക്കേറ്റു.

പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ഇന്ന് രാവിലെ 04:30  ഓടെ സ്വഭവനത്തിൽ എത്തിച്ചു 5:30ന് പള്ളംകോട്  ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 

നൂറുകണക്കിന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ദാരുണ സംഭവം പ്രദേശത്താകെ കണ്ണീരായി മാറി.

പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരമിങ്ങനെയാണ്. വിശേഷ് എന്ന കുട്ടിയുടെ വീടിന് സമീപം ഈ മൂന്ന് കുട്ടികളും ചെറിയ രീതിയിലുള്ള കച്ചവടം നടത്തി വരികയായിരുന്നു. അവധിക്കാലത്ത് കുട്ടികൾ ചെറിയ സാധനങ്ങൾ കച്ചവടം നടത്താറുണ്ട്. അത്തരത്തിൽ വീടിന് സമീപം കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് മതിലിടിഞ്ഞ് മൂന്ന് കുട്ടികളുടെയും മുകളിലേക്ക് വീഴുന്നത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ ബസ് സ്റ്റോപ്പിനുള്ളിലായിരുന്നു കുട്ടികൾ ഉണ്ടായിരുന്നത്. കനത്ത മഴയെ തുടർന്നാണ് സമീപത്തെ വീടിന്റെ മതിൽ തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം.

ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുസമ്മിലിന്റെയും മുൻസീറിന്റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിശേഷ് ചികിത്സയിലാണ്.

മതിലിടിഞ്ഞതോടെ ബസ് സ്റ്റോപ്പടക്കം തകർന്നുവീണു. കാസർകോട് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെയും പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴ പെയ്തിരുന്നു.

കനത്ത മഴയും റെഡ് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജാഗ്രത തുടരുകയാണ്. അപകടസാധ്യതയുള്ള മതിലുകൾ, പഴക്കമുള്ള കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയുടെ സമീപത്ത് നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ ദുരന്തവാർത്ത കാസർകോടിനെയും കേരളക്കരയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിന്റെ രണ്ട് കുഞ്ഞുമക്കളെ ഒരേസമയം നഷ്ടമായ വേദനയിൽ പ്രദേശവാസികളും ബന്ധുക്കളും കണ്ണീരിലാണ്.

🤲 അല്ലാഹുവേ... ഈ ദാരുണ അപകടത്തിൽ മരണപ്പെട്ട മുസമ്മിൽ, മുൻസീർ എന്നീ കുഞ്ഞുമക്കളെ നിന്റെ അളവറ്റ കാരുണ്യത്തിൽ ഉൾപ്പെടുത്തി സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനങ്ങൾ നൽകി അനുഗ്രഹിക്കണമേ. അവരുടെ ഖബർ വിശാലമാക്കുകയും നൂർ നിറക്കുകയും ചെയ്യണമേ. പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വേദന സഹിക്കാനുള്ള ക്ഷമയും സമാധാനവും നൽകണമേ. പരിക്കേറ്റ വിശേഷ് എന്ന കുട്ടിക്ക് പൂർണ്ണമായ ശിഫാ നൽകി വേഗത്തിൽ സുഖം പ്രാപിക്കാൻ അനുഗ്രഹിക്കണമേ.

اللهم اغفر لهم وارحمهم وأسكنهم فسيح جناتك، واربط على قلوب أهلهم بالصبر والسلوان.

ആമീൻ യാ റബ്ബൽ ആലമീൻ 🤲😭


📩 വാർത്തകൾ അയക്കേണ്ട നമ്പർ:
📱 9747971971

🌐 𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ