Trending

ഉദയ്പു‌രിൽ കാർ അപകടം: പ്രശസ്ത നിർമാതാവ് ആർ.ബി ചൗധരി അന്തരിച്ചു

 


ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.


രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി 'ഗുഡ് നൈറ്റ്' എന്നതിൽ നിന്ന് 'ഗുഡ്' എടുത്ത് 'സൂപ്പർ ഗുഡ് ഫിലിംസ്' എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.


തമിഴ്‌നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്.


പ്രിയ സുഹൃത്തും സൂപ്പർ ഗുഡ് ഫിലിംസ് ഉടമയുമായ ആർബി ചൗധരി മികച്ചൊരു നിർമ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. 'അനേകം യുവ സംവിധായകർക്ക് അദ്ദേഹം അവസരങ്ങൾ നൽകി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടൽ മാറിയിട്ടില്ല. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.' രജനീകാന്ത് പറഞ്ഞു.


ഇതിഹാസ നിർമാതാവ് ആർബി. ചൗധരിയുടെ വിയോഗവാർത്ത കേട്ട് ഹൃദയം തകർന്നുപോയി. വർഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ 'ഗോഡ് ഫാദർ' എന്ന സിനിമയിൽ സൂപ്പർ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാൻ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ആർബി ചൗധരി നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണ്.' ചിരിഞ്ജീവി പറഞ്ഞു.


തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ 'പുതുവസന്തം' ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ചൗധരിക്ക് ലഭിച്ചു.


കെഎസ്. രവികുമാറിൻ്റെ ആദ്യ സിനിമയായ 'പുരിയാത പുതിർ' (1990) എന്ന ചിത്രവും ചൗധരി നിർമിച്ചു. ചേരൻ പാണ്ടിയൻ (1991), ഊർ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), കീർത്തിചക്ര (2006), മാരീസൻ (2025) തുടങ്ങിയവ ആർബി ചൗധരി നിർമിച്ച ചിത്രങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ