ഹൈദരാബാദ്∙ പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി ആക്രമണത്തിൽ മരിച്ചു. കോന്തം തേജസ്വിനി എന്ന 27കാരിയാണ് മരിച്ചത്. ബ്രസീൽ പൗരന്റെ ആക്രമണത്തിലാണ് പെൺകുട്ടി മരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചു തന്നെ തേജസ്വിനി മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും സാരമായി പരുക്കേറ്റു.
തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു വിജയ് പറഞ്ഞു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്.
സംഭവവുമായി ബന്ധപ്പട്ടെ 24 ഉം 23 ഉം വയസ്സുള്ള ഒര സ്ത്രീയും പുരുഷനും പിടിയിലായി. സ്ത്രീയെ ചോദ്യം ചെയ്തു വിട്ടയച്ചു. യുവാവ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ 23 വയസ്സുള്ള മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കടപ്പാട് മനോരമ
Tags:
latest news
