രാജ്യത്തു കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനു തുടക്കം കുറിച്ചിട്ട് ഒരു വർഷം തികഞ്ഞതു ഞായറാഴ്ചയാണ്. ലോക രാജ്യങ്ങളെല്ലാം ഒമിക്രോൺ പടർത്തുന്ന മൂന്നാം തരംഗത്തിന്റെ മധ്യത്തിൽ നിൽക്കെ കുത്തിവയ്പ്പിലെ അഭിമാനകരമായ മുന്നേറ്റമാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്ന പ്രധാന ഘടകം. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെങ്കിലും അസൂയാവഹമായ മികവാണ് കൊവിഡ് വാക്സിനേഷനിൽ ഇന്ത്യയുടേത് എന്നതിൽ സംശയിക്കേണ്ടതില്ല. ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പം തദ്ദേശീയമായി നിർമിച്ച വാക്സിൻ ഉപയോഗിച്ചു തന്നെ പ്രതിരോധ കുത്തിവയ്പ്പു നടത്താനായി എന്നതു നിസാര കാര്യമേയല്ല. ഈ കുത്തിവയ്പ്പ് യജ്ഞം ഒരു വർഷം കൊണ്ട് എത്തിനിൽക്കുന്നത് 157 കോടിയോളം ഡോസുകളുടെ വിതരണത്തിലാണ് എന്നതു കൂടിയാവുമ്പോൾ ഒട്ടും സാധാരണവുമല്ല. കേന്ദ്ര സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും വാക്സിനുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടം.
നമ്മുടെ സംസ്ഥാന സർക്കാരുകളും വളരെ നല്ല രീതിയിൽ തന്നെ വാക്സിൻ വിതരണത്തിൽ സഹകരിച്ചു എന്നതും വിസ്മരിക്കാവുന്നതല്ല. കേരളം പോലെ ഏതാനും സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മാതൃകകളുമായി. വാക്സിനുമായി ബന്ധപ്പെട്ട് നിരന്തരം ഉയർന്ന അഭ്യൂഹങ്ങളും കള്ളപ്രചാരണങ്ങളും അവഗണിച്ച് സധൈര്യം രംഗത്തുവന്ന ജനങ്ങളുടെ സഹകരണവും ഏറെ പ്രധാനമാണ്. അതായത് കൂട്ടായ പ്രയത്നത്തിന്റെ മഹത്തായ വിജയമാണ് ഒരു വർഷത്തെ വാക്സിനേഷൻ ദൗത്യം.
പതിനഞ്ചു വയസു മുതലുള്ള കുട്ടികളുടെ വാക്സിനേഷൻ തുടങ്ങിയിട്ട് രണ്ടാഴ്ച തികയും മുൻപേ മൂന്നു കോടിയിലേറെ ഡോസുകൾ അവർക്കായി വിതരണം ചെയ്തു എന്നതും ഇതോടൊപ്പം കാണേണ്ടതാണ്. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അതിവേഗത്തിലാണ് കൗമാരക്കാർക്കുള്ള കുത്തിവയ്പ്പ് നീങ്ങുന്നത്. 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്കും ഫെബ്രുവരി അവസാനത്തോടെ കുത്തിവയ്പ്പ് ആരംഭിക്കാനാണു നീക്കമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നുണ്ട്. കുത്തിവയ്പ്പ് എടുക്കാൻ കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും പ്രകടമാവുന്ന താത്പര്യമാണ് സർക്കാരി നെയും ആവേശത്തിലാക്കുന്നത്.
വികസിത രാജ്യങ്ങളുടെ തൊട്ടുപിന്നാലെ ബൂസ്റ്റർ ഡോസ് വിതരണവും ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ- മുൻനിര പ്രവർത്തകർക്കും മുതിർന്ന പൗരൻമാരിൽ മറ്റു രോഗങ്ങളുള്ളവർക്കുമാണ് ആദ്യ ഘട്ടത്തിൽ മൂന്നാം ഡോസ് മുൻകരുതൽ എന്ന നിലയിൽ ഇപ്പോൾ നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിനു ശേഷം നൽകുന്ന മുൻകരുതൽ ഡോസ് മൂന്നാം തരംഗം ആരോഗ്യ മേഖലയിൽ സൃഷ്ടിക്കാനിടയുള്ള അതിസമ്മർദം ഇല്ലാതാക്കുമെന്നു കരുതാം. ആരോഗ്യ- മുൻനിര പ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരായി വിട്ടുനിൽക്കേണ്ടിവരുന്നത് സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമല്ലോ. മുതിർന്ന പൗരൻമാർക്കു രോഗം വന്നാൽ ആശുപത്രിവാസം അടക്കം പ്രശ്നങ്ങളും വർധിച്ചേക്കാം. ഇതു രണ്ടും തടയുന്നത് തരംഗഭീതി ലഘൂകരിക്കാൻ ഉപകരിക്കും.
ലോകത്തു തന്നെ ഏറ്റവും വിജയകരമായ വാക്സിനേഷൻ യജ്ഞം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ത്യയുടെ കുത്തിവയ്പ്പ് പ്രവർത്തനങ്ങളെ സംഗ്രഹിച്ചത്. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് പ്രായപൂർത്തിയായവരിൽ 92 ശതമാനം പേർക്കും ഒരു ഡോസ് വാക്സിനെങ്കിലും ഒരു വർഷത്തിനിടെ ലഭിച്ചിട്ടുണ്ട്. എഴുപതു ശതമാനത്തോളം പേർക്ക് രണ്ടു ഡോസ് വാക്സിനും കിട്ടി. 2021 ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്കു നൽകിക്കൊണ്ട് ആരംഭിച്ച വാക്സിനേഷൻ പിന്നീട് മുൻനിര പ്രവർത്തകർക്കും അതുകഴിഞ്ഞ് മുതിർന്ന പൗരൻമാർക്കും 45 വയസു മുതലുള്ള മറ്റു രോഗങ്ങളുള്ളവർക്കും കൂടിയായി. അതിനുശേഷം 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ എന്നായി. അതും കഴിഞ്ഞാണ് 18 വയസിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ വിതരണം തുടങ്ങിയത്.
പതിനഞ്ചു മുതൽ 18 വരെ വയസുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിച്ചത് ഈ മാസം മൂന്നിനായിരുന്നു; ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങിയത് ജനുവരി പത്തിനും. ഓരോ ദിവസവും രാജ്യവ്യാപകമായി ലക്ഷക്കണക്കിനാളുകൾക്കു വാക്സിൻ വിതരണം ചെയ്യുന്നുണ്ട് ഇപ്പോൾ. ഈ യജ്ഞത്തിൽ പങ്കാളികളായിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരോടും നന്ദി പ്രകാശിപ്പിക്കേണ്ട അവസരമാണിത്.
Tags:
അഭിമാനകരം ഈ മുന്നേറ്റം
വർഷം തികഞ്ഞ് കുത്തിവയ്പ്പ്
