ആലങ്ങാട്
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്ന പഴമൊഴി യാഥാർഥ്യമാക്കുകയാണ് കോട്ടുവള്ളിയിലെ വനിതാ കൂട്ടായ്മ. പുഴകളിൽ നിറഞ്ഞുവളർന്ന കുളവാഴ വെള്ളത്തിൽ ഓരുവെള്ളം കയറിയതോടെ ചീയാൻ തുടങ്ങി. ചീഞ്ഞ കുളവാഴ പുഴെ്യ മലിനമാക്കുകയും മീൻകൃഷിയെ ബാധിക്കുകയും ചെയ്യുന്നു. ഇത് കോരി ഉണക്കിയെടുത്ത് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ജോലിയിലാണ് കോട്ടുവള്ളിയിലെ ഹരിതകർമസേന അംഗങ്ങൾ.
ഉണക്കിയെടുത്ത കുളവാഴത്തണ്ടുകൾ ബലമേറിയതാണ്. ഇതുപയോഗിച്ച് കൈകൊണ്ട് നെയ്‌ത് കുട്ടകളും പായകളും ഹോട്ടലുകളിലെ മെനു ബുക്കുകളും ബുക്ക് ബൈൻഡിങ്ങുംവരെ നിർമിക്കുകയാണ് ഈ സ്ത്രീ കൂട്ടായ്മ. ഇതിനായി കുടുംബശ്രീ ജില്ലാ മിഷൻ പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. യന്ത്രങ്ങൾ ഉപയോഗിച്ച് കുളവാഴകളും നൂലും കൊണ്ട് വലിയ പായകളും ചുമർ ചിത്രങ്ങളും നിർമിച്ചു വിജയിച്ച കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയാണ് പരിശീലകർ. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന പല സാമഗ്രികളും ഇത്തരത്തിൽ നിർമിക്കാമെന്ന് പരിശീലകർ പറയുന്നു. കുളവാഴ ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചാൽ പ്ലാസ്റ്റിക് മുക്ത കേരളമെന്ന ലക്ഷ്യത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല ചീഞ്ഞ കുളവാഴകൾ പുഴയ്‌ക്കും മീൻസമ്പത്തിനും ഉണ്ടാക്കുന്ന ദോഷങ്ങൾ ഇല്ലാതാക്കുകയും ചെയ്യാം.
ശുദ്ധജലത്തിൽ മാത്രം വളരുന്ന കളച്ചെടിയാണ് പോളപ്പായൽ അധവാ കുളവാഴ. പുഴയിലും പൊക്കാളിപ്പാടങ്ങളിലും ചെമ്മീൻകെട്ടുകളിലുമൊക്കെ കുളവാഴകൾ തിങ്ങിനിറയുന്നത് വർഷകാലത്ത് പതിവുകാഴ്ചയാണ്. ശപിക്കപ്പെട്ട സസ്യം എന്ന വിളിപ്പേരും കുളവാഴകൾക്കുണ്ട്.
