Trending

വാടിക്കരിഞ്ഞു നുണകൾ, തളിരിടുന്നത്‌ കർഷകന്റെ സ്വപ്നം



കോഡൂർ ആൽപ്പറ്റക്കുളമ്പ്‌ പാറമ്മൽ പള്ളിക്കുസമീപം ഗെയിൽ പൈപ്പ്‌ ലൈൻ കടന്നുപോകുന്ന കൃഷിഭൂമിയിൽ  പറമ്പൻ പ്രഭാകരൻ

മലപ്പുറം
ഇവിടെ വിളയുന്നത്‌ വാഴയും ചീരയും. തൊട്ടടുത്ത്‌  മരച്ചീനിയും പയറും സമൃദ്ധമായി തളിരിടുന്നു. പുതിയ വീടും അടുത്ത്‌  ഉയരുന്നുണ്ട്‌. ഗെയിൽ പൈപ്പ്‌ലൈൻ സൂചനാബോർഡിന്‌ തൊട്ടരികെ കർഷകൻ പറമ്പൻ പ്രഭാകരൻ തൂമ്പകൊണ്ട്‌ മണ്ണിൽ കിളയ്ക്കുകയാണ്‌. ‘‘ഇവിടെ കൃഷിക്ക്‌ ഒരു തടസവുമില്ല. അന്നും കൃഷിയുണ്ട്‌. ഇന്നും ഇതാ...’’–- നെറ്റിയിലെ വിയർപ്പ്‌ തുടച്ച്‌ വിളകൾ ചൂണ്ടിക്കാട്ടി പ്രഭാകരൻ പറഞ്ഞു. ഗെയിൽ പൈപ്പ്‌ലൈനിനെതിരായ കുപ്രചാരണം മണ്ണിൽ പൊന്നുവിളയിക്കുന്ന ഈ കർഷകരുടെ മനസിളക്കിയിട്ടേയില്ല.   
സിൽവർലൈനിനെതിരായ സമരസഖ്യം അന്ന്‌ രംഗത്തെത്തിയത്‌ ഗെയിൽ പദ്ധതിക്കെതിരെ. യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും കൈകോർത്ത്‌ നുണബോംബുകൾ വർഷിച്ചു. പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ കൃഷി സാധ്യമാകില്ലെന്നായിരുന്നു കർഷകർ ഏറെയുള്ള മലപ്പുറം ജില്ലയിൽ അവരുടെ മുഖ്യപ്രചാരണം. കൃഷിക്കാർ അന്നും ഇന്നും ഈ കള്ളം വിശ്വസിച്ചിട്ടില്ല. 
    കോഡൂർ ആൽപ്പറ്റക്കുളമ്പ്‌ പാറമ്മൽ പള്ളിക്ക്‌ പിറകിലെ കൃഷിഭൂമിയിലൂടെ ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോകുന്നുണ്ട്‌. ഇവിടെ സൂചനാബോർഡും സ്ഥാപിച്ചിട്ടുണ്ട്‌. എന്നാൽ കൃഷിക്ക്‌ ഒരു തടസവും നേരിട്ടിട്ടില്ലെന്ന്‌ പ്രഭാകരൻ പറഞ്ഞു. പാന്തോടി അബ്ദുൾറസാഖിന്റെ സ്ഥലത്താണ്‌ കൃഷി. 
‘‘ പൈപ്പിടുന്ന സമയത്ത്‌ വാഴയും ചീരയും ഉണ്ടായിരുന്നു.  ഇന്നും ഈ കൃഷിയുണ്ട്‌.  
 ഗെയിലിന്‌ സ്ഥലം വിട്ടുനൽകിയാൽ ആ പ്രദേശത്തെങ്ങും വീട്‌ വയ്ക്കാനാകില്ലെന്നും സമരക്കാർ കഥ പടച്ചു. എന്നാൽ പത്ത്‌ മീറ്റർ വിട്ട്‌ ഈ പ്രദേശത്ത്‌ നിരവധി വീടുകളാണ്‌ ഉയരുന്നത്‌. കിണറുകളും കുഴിക്കുന്നു. വലിയ പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ വന്നുനോക്കും. അത്രയേ ഉള്ളൂ–-പ്രഭാകരൻ പറഞ്ഞു. 
 നാടിന്റെ വികസനത്തിന്‌ സ്വന്തം ഭൂമി വിട്ടുനൽകിയവരാണ്‌ മലപ്പുറം ജില്ലയിലെ കർഷർ. നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ ദേശീയപാതാ വികസനത്തിനും സ്ഥലം കൊടുത്തത്‌. എല്ലാവർക്കും മികച്ച നഷ്ടപരിഹാരം ലഭിച്ചു. ഈ അനുഭവമുള്ളവർ സിൽവർലൈനിന്റെ പേരിൽ നടത്തുന്ന കള്ളപ്രചാരണവും  തള്ളും.

റഷീദ്‌ ആനപ്പുറം  



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ