Trending

അമ്മയും മകനും കുളത്തില്‍ വീണു മരിച്ച നിലയിൽ കണ്ടെത്തി.



നാദാപുരം:(കോഴിക്കോട്) അമ്മയെയും ഏഴ് വയസ്സുള്ള മകനെയും കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി.

പുറമേരി കൊഴുക്കന്നൂര്‍ അമ്പലത്തിനു സമീപം താമസിക്കുന്ന കുളങ്ങര മഠത്തില്‍ സുജിത്തിന്റെ  ഭാര്യ രൂപ (36), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വിടിന് സമീപത്തെ അമ്പലക്കുളത്തിലാണ് സംഭവം. ഇരുവരെയും നാട്ടുകാര്‍ പുറത്തെടുത്ത് നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകനെ കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കുളത്തില്‍ കുട്ടിയുടെ ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ ചാടിയതാകാം അമ്മയും അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് സൂചന. 

വെള്ളികുളങ്ങരയിലെ ഹോട്ടല്‍ ജീവനക്കാരനായ സുജിത്ത് വീട്ടില്‍ എത്തിയപ്പോള്‍ കുട്ടിയെയും ഭാര്യയേയും കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് പായല്‍ നിറഞ്ഞ കുളത്തില്‍ ഇരുവരെയും കണ്ടത്തിയത്.

ഒന്നര വയസ്സുള്ള ദേവാംഗന മരിച്ച ആദിദേവിന്റെ സഹോദരിയാണ്. വടകര പച്ചക്കറി മുക്കിലെ നാരായണന്റെയും ജാനുവിന്റെയും മകളാണ് മരിച്ച രൂപ. സഹോദരങ്ങള്‍: ദീപ (തൃശ്ശിനാപ്പള്ളി), സന്തോഷ് (ഓട്ടോറിക്ഷ ഡ്രൈവര്‍, വടകര). പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ