മലപ്പുറം: മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായ ഐ. സമീൽ (49) അന്തരിച്ചു. തായ്‌ലൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ടൂറിസ്റ്റ് സംഘത്തോടൊപ്പം ടൂർ മാനേജരായി ജോലി സംബന്ധമായി തായ്‌ലൻഡിൽ പോയിരിക്കുകയായിരുന്നു.
ഈ മാസം 4-നാണ് സമീൽ ടൂർ മാനേജരായി തായ്‌ലൻഡിലെത്തിയത്. ഇന്ന് രാവിലെ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. മാധ്യമം ദിനപത്രത്തിൽ മലപ്പുറത്തും കോഴിക്കോട് ഡെസ്കിലും മാധ്യമപ്രവർത്തകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാടക പ്രവർത്തകനും സിനിമ-സാംസ്കാരിക നിരൂപകനുമായിരുന്ന സമീൽ പത്രപ്രവർത്തക യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മലബാർ സമര ചരിത്രവുമായി ബന്ധപ്പെട്ട് അറിയപ്പെടാതെ കിടന്നിരുന്ന നിരവധി സംഭവങ്ങൾ തന്റെ ഗവേഷണങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂർ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മാധ്യമ-സാംസ്കാരിക മേഖലകൾക്ക് വലിയ നഷ്ടമായി.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
