ഇടുക്കി: കുട്ടികൾ ഓടിച്ച സൈക്കിളിടിച്ച് 48-കാരൻ മരിച്ചു. ഇടുക്കിയിൽ വെള്ളത്തൂവലിന് സമീപത്താണ് അപകടം നടന്നത്. പന്നിയാറുകുട്ടി സ്വദേശിയായ സാബുവാണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്നു സാബു. ഈ സമയം മറുഭാഗത്ത് കൂടി കുട്ടികൾ സൈക്കിളോടിച്ച് വരികയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട സൈക്കിൾ സാബുവിന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ സാബുവിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ അശ്രദ്ധമായി സൈക്കിൾ ഓടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. കുട്ടികൾ ആയതുകൊണ്ട് തന്നെ നിയമനടപടിയിലേക്ക് കടക്കുന്നതിനെ കുറിച്ച് പൊലീസ് ആലോചിക്കുകയാണ്.
