മോസ്കോ : റഷ്യക്കെതിരേ ശക്തമായ പ്രത്യാക്രമണവുമായി യുക്രെയ്ന്. തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കയറിയ 50 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെയ്ന് സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ റഷ്യ തയാറായിട്ടില്ല.
നേരത്തേ, അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും യുക്രെയ്ന് വെടിവച്ചിട്ടിരുന്നു. ഇതിനിടെ, അമേരിക്കന്‍ യുദ്ധ വിമാനങ്ങളെ യുക്രെയ്ന് വ്യോമാതിര്‍ത്തിയില്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
*ഖാര്‍കീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യന്‍ ടാങ്കറുകള്‍ തകര്‍ത്തു. ലുഹാന്‍സ്ക് നഗരത്തിനടുത്ത് 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യന്‍ യുദ്ധവിമാനം കൂടി തകര്‍ത്തിട്ടെന്നും യുക്രൈന് വെളിപ്പെടുത്തി*.
റഷ്യന്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ യുക്രൈനില്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലെന്‍സ്കി പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യ യുക്രൈന് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്കിയുടെ പ്രഖ്യാപനം. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സെലെന്‍സ്കി സൈനിക നിയമം പ്രഖ്യാപിച്ചത്. ഡോണ്‍ബാസ് മേഖലയില്‍ പ്രത്യേക സൈനിക ഓപറേഷന് ആരംഭിച്ച വിവരവും വിഡിയോയില്‍ അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ റഷ്യന്‍ സൈനികരെയും സൈനികതാവളങ്ങളെയും ലക്ഷ്യമിട്ടാണ് യുക്രൈന്റെ പ്രത്യാക്രമണം. പൗരന്മാരോട് വീടുകളില്‍ തന്നെ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭീതിപ്പെടേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
വിഡിയോയില്‍ റഷ്യയുടെ ആക്രമണ വിവരം യുക്രൈന് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാവിലെ യുക്രൈനുനേരെ റഷ്യ പുതിയ സൈനികനീക്കം ആരംഭിച്ചിരിക്കുകയാണെന്ന് സെലെന്‍സ്കി പറഞ്ഞു. തീര്‍ത്തും അടിസ്ഥാനരഹിതവും നിന്ദ്യവുമായ അധിനിവേശമാണ് റഷ്യ നടത്തുന്നത്. യുക്രൈന്റെ മാത്രമല്ല യൂറോപ്പിന്റെകൂടി ഭാവിയാണ് ഇപ്പോള്‍ തീരുമാനിക്കപ്പെടാന്‍ പോകുന്നതെന്നും വിഡിയോ സന്ദേശത്തില്‍ വ്ളാദ്മിര്‍ സെലെന്‍സ്കി ചൂണ്ടിക്കാട്ടി.
നേരത്തെ, യുക്രൈന് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തിന് ഏതുനടപടിക്കുമുള്ള സമ്ബൂര്‍ണ അധികാരത്തോടെയാണ് അടിയന്തരാവസ്ഥ നിലവില്‍ വന്നിരിക്കുന്നത്. ഗതാഗതത്തിനും പുറത്തിറങ്ങിയുള്ള സഞ്ചാരങ്ങള്ക്കുമെല്ലാം കടുത്ത നിയന്ത്രണമുണ്ടാകും. പട്ടാളനിയമം കൂടി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുക്കും.
Tags:
അന്തർദേശീയം
