Trending

വിവിധ തരം കണ്ണാടികളെ പരിചയപ്പെടാം



കണ്ണാടിയിലേക്ക് നോക്കാത്ത ആരും ഉണ്ടാകില്ല. നമുക്ക് നമ്മെ കാണാനുള്ള ഉപാധിയാണ് കണ്ണാടി. നല്ല മിനുസമുള്ളതും പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്നതുമായ പ്രതലങ്ങള്‍ കണ്ണാടി (ദര്‍പ്പണം) ആയി പ്രവര്‍ത്തിക്കുന്നു. മുഖംനോക്കാന്‍ മാത്രമല്ല, വാഹനങ്ങളിലും റോഡിലെ വളവുകളിലും ജൂവലറികളിലുമൊക്കെ വിവിധ ആവശ്യങ്ങള്‍ക്കായി കണ്ണാടി ഉപയോഗിക്കുന്നു. ഇതിലോരോന്നിലും പ്രതിബിംബം രൂപപ്പെടുന്നത് വ്യത്യസ്തരീതിയിലാണ്.

🔹രണ്ടുതരം കണ്ണാടികള്‍

ദര്‍പ്പണങ്ങളെ പ്രധാനമായും സമതലദര്‍പ്പണം എന്നും ഗോളീയദര്‍പ്പണം എന്നും രണ്ടായി തരംതിരിക്കാം. ഗോളീയദര്‍പ്പണങ്ങള്‍ ഏതെങ്കിലും ഒരു ഗോളത്തിന്റെ ഭാഗമായാണ് കരുതുന്നത്. ഇവ രണ്ടുതരത്തില്‍ ഉണ്ട്. കോണ്‍കേവ് ദര്‍പ്പണവും കോണ്‍വെക്‌സ് ദര്‍പ്പണവും. നമ്മള്‍ ഒരു സ്പൂണെടുത്താല്‍ അതിന് കുഴിഞ്ഞതും പൊങ്ങിയതുമായ വശങ്ങള്‍ കാണാം. കുഴിഞ്ഞഭാഗം കോണ്‍കേവ് ദര്‍പ്പണമായും പൊങ്ങിയഭാഗം കോണ്‍വെക്‌സ് ദര്‍പ്പണമായും സങ്കല്പിക്കാം. കോണ്‍കേവ് ദര്‍പ്പണത്തെ സംവ്രജനദര്‍പ്പണം (Converging Mirror) എന്നും കോണ്‍വെക്‌സ് ദര്‍പ്പണത്തെ വിവ്രജനദര്‍പ്പണം (Divergil Mirror) എന്നും പറയാറുണ്ട്.

ഒരു കണ്ണാടിയില്‍ നമ്മുടെ വ്യക്തമായതും അതേവലുപ്പത്തിലുമുള്ള പ്രതിബിംബം കാണാന്‍കഴിയും. ഇത്തരത്തിലുള്ള ദര്‍പ്പണങ്ങളെ സമതലദര്‍പ്പണങ്ങള്‍ (Plane Mirror) എന്നുപറയുന്നു. ഇത്തരം കണ്ണാടിയില്‍ നോക്കി വലതുകൈ ഉയര്‍ത്തിയാല്‍ പ്രതിബിംബത്തിന്റെ ഇടതുകൈ ഉയര്‍ത്തുന്നതായി നമുക്ക് കാണാം. സമതലദര്‍പ്പണങ്ങളില്‍ വശം വിപരീതമായി (Lateral Inversive) പ്രതിബിംബം രൂപപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സമതലദര്‍പ്പണങ്ങള്‍ മുഖ്യമായും മുഖംനോക്കാനാണ് ഉപയോഗിക്കുന്നത്.

🔹അദ്ഭുതക്കണ്ണാടി

ദന്തഡോക്ടര്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന കൊച്ചുകണ്ണാടി ശ്രദ്ധിച്ചിട്ടുണ്ടോ? അതില്‍ക്കാണുന്ന പ്രതിബിംബം വലുതും വ്യക്തവും ആയിരിക്കും. ഇവിടെ ഡോക്ടര്‍ ഉപയോഗിച്ച കണ്ണാടിയില്‍ കോണ്‍കേവ് ദര്‍പ്പണമാണുള്ളത്. മേക്കപ്പ് ചെയ്യുമ്പോഴും ഷേവിങ്ങിനായുമൊക്കെ മുഖത്തിന്റെ വ്യക്തമായ പ്രതിബിംബം കിട്ടാന്‍ ഇത്തരത്തിലുള്ള ദര്‍പ്പണങ്ങള്‍ ഉപയോഗിക്കുന്നു.

കോണ്‍കേവ് ദര്‍പ്പണത്തില്‍ ഉണ്ടാകുന്ന പ്രതിബിംബം തലകീഴായതായിരിക്കും. വസ്തുവിന്റെ സ്ഥാനമനുസരിച്ച് പ്രതിബിംബത്തിന്റെ വലുപ്പം ചെറുതും വലുതുമൊക്കെ ആവാം. അതുകൊണ്ടുതന്നെ കോണ്‍കേവ് ദര്‍പ്പണത്തെ (മാജിക്കല്‍ മിറര്‍) എന്നുകൂടി പറയാറുണ്ട്. ടോര്‍ച്ചിന്റെ റിഫ്‌ളക്ടറായും വാഹനങ്ങളിലെ ഹെഡ്ലൈറ്റിലും സോളാര്‍ കുക്കറുകളിലും പ്രൊജക്ടറുകളിലും ഒക്കെ കോണ്‍കേവ് ദര്‍പ്പണങ്ങളാണ് ഉപയോഗിക്കുന്നത്.

🔹വാഹനങ്ങളിലെ കണ്ണാടി

വാഹനങ്ങളിലെ സൈഡ് മിററില്‍ 'objects in the mirror are closer than they appear' എന്ന് എഴുതിയത് കണ്ടിട്ടുണ്ടാവുമല്ലോ? ഇവിടെ ഉപയോഗിക്കുന്ന കണ്ണാടിയിലെ പ്രതിബിംബം നിവര്‍ന്നതും ചെറുതും ആയിരിക്കും.

പിന്നിലുള്ള വാഹനങ്ങളുടെ സ്ഥാനം മനസ്സിലാക്കി സുരക്ഷിതമായ അകലത്തില്‍ വാഹനമോടിക്കാന്‍ ഇത്തരത്തിലുള്ള ദര്‍പ്പണങ്ങള്‍ നമ്മെ സഹായിക്കുന്നു. ഇത്തരം ദര്‍പ്പണങ്ങളെ കോണ്‍വെക്‌സ് ദര്‍പ്പണങ്ങള്‍ എന്നുപറയുന്നു.

റോഡിലെ വളവുകളില്‍ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികളിലും കോണ്‍വെക്‌സ് ദര്‍പ്പണങ്ങളാണ് ഉപയോഗിക്കുന്നത്. തെരുവുവിളക്കില്‍ റിഫ്‌ളക്ടറായും ടെലിസ്‌കോപ്പിലും എ.ടി.എമ്മില്‍ സെക്യൂരിറ്റിക്ക് വേണ്ടിയുമൊക്കെ കോണ്‍വെക്‌സ് ദര്‍പ്പണങ്ങള്‍ ഉപയോഗിക്കാറുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ